Tuesday, April 29, 2014

ഉള്ളൂര്‍


പാണ്ഡിത്യത്തിന്റെ ആഴംകൊണ്ടും സംഭാവനകളുടെ പരപ്പുകൊണ്ടും ഉള്ളൂര്‍ എസ്. പരമേശ്വരയ്യരെ വെല്ലാന്‍ ഒരു കവിക്കും കഴിയില്ല. സംസ്‌കൃതപദപ്രയോഗത്തിലുള്ള സവിശേഷ താല്പര്യമാണ് ഉള്ളൂരിന് 'ഉജ്ജ്വല ശബ്ദാഢ്യ'നെന്ന പേരു നേടിക്കൊടുത്തത്. കേരളവര്‍മ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചാവകാശിയായാണ് ഉള്ളൂര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

1877 ജൂണ്‍ 5ന് ചങ്ങനാശ്ശേരിയില്‍ ജനനം. അച്ഛന്‍ ഉള്ളൂര്‍ സ്വദേശി സുബ്രഹ്മണ്യയ്യര്‍. അമ്മ ഭാഗവതിയമ്മാള്‍. സംസ്‌കൃതം, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നന്നേ ചെറുപ്പത്തിലേ പാണ്ഡിത്യം നേടി. ബി.എ. പാസ്സായി അധ്യാപകനായും സര്‍ക്കാര്‍ ഗുമസ്തനായും ജോലിചെയ്തു. നിയമബിരുദം നേടി. മലയാളവും തമിഴും മുഖ്യവിഷയമായി പഠിച്ച് എം.എ. ബിരുദം. പട്ടാളത്തിന്റെ പ്രാചീന ചരിത്രത്തെപ്പറ്റി ഗവേഷണം നടത്തി. സര്‍ക്കാരുദ്യോഗത്തില്‍ ഉന്നതസ്ഥാനങ്ങളിലെത്തിയിട്ടുണ്ട് ഉള്ളൂര്‍. തഹസില്‍ദാര്‍, മുന്‍സിഫ്, ഗവണ്‍മെന്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, ദിവാന്‍ പേഷ്‌കാര്‍ എന്നിങ്ങനെ പദവികള്‍ വഹിച്ച ഉള്ളൂര്‍ ഈ ഔദ്യോഗിക തിരക്കിനിടയിലാണ് കവിതകളെഴുതിയതും ഗവേഷണങ്ങള്‍ നടത്തിയതുമെല്ലാം.

കേരളവര്‍മ വലിയകോയിത്തമ്പുരാനാണ് ഉള്ളൂരിനെ പ്രോത്സാഹിപ്പിച്ചതും പ്രചോദിപ്പിച്ചതും. പ്രാസവാദത്തില്‍ കേരളവര്‍മ പക്ഷത്ത്-ശബ്ദപക്ഷത്ത്- നില്ക്കുകയും ചെയ്തു ഉള്ളൂര്‍. കേരളവര്‍മയുടെ 'മയൂരസന്ദേശം' ഇംഗ്ലീഷിലേക്ക് തര്‍ജമചെയ്തതാണ് ഉള്ളൂരിന്റെ ഏക വിവര്‍ത്തനസംഭാവന. വഞ്ചീശഗീതി, സുജാതോദ്വാഹം ചമ്പു എന്നിവ ഉള്ളൂരിനെ പ്രശസ്തനാക്കി. ചമ്പുക്കളോടും മറ്റും അദ്ദേഹത്തിന് സവിശേഷമമതയുണ്ടായിരുന്നു. പ്രാസവാദത്തില്‍ച്ചേര്‍ന്ന് ദ്വിതീയാക്ഷരപ്രാസത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ വെളിവാക്കാന്‍വേണ്ടിയെഴുതിയ മഹാകാവ്യമാണ് ഉമാകേരളം. മലയാളത്തിലെ ഏറ്റവും മികച്ച മഹാകാവ്യമായി ഇതു പരിഗണിക്കപ്പെടുന്നു. ഉള്ളൂരിന്റെ ഖണ്ഡകാവ്യങ്ങളില്‍ കര്‍ണഭൂഷണം, പിങ്ഗള, ഭക്തിദീപിക, ചിത്രശാല തുടങ്ങിയവയാണ് പ്രശസ്തങ്ങള്‍. ഗവേഷണപ്രവര്‍ത്തനങ്ങളാണ് ഉള്ളൂരിനെ ഇതര കവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പ്രാചീന കൃതികളുടെ സംശോധിത സംസ്‌കരണ പാഠങ്ങള്‍ പലതും ഉള്ളൂര്‍ പ്രസിദ്ധംചെയ്തു. 1909 കണ്ണശ്ശരാമായണം ആരണ്യകാണ്ഡം ശുദ്ധപാഠം ഉള്ളൂര്‍ പ്രകാശനം ചെയ്തു. മലയാളത്തിലെ ആദ്യകാവ്യം രാമചരിതം 1916ല്‍ പാഠവും ടിപ്പണിയും സഹിതം പ്രസിദ്ധീകരിച്ചു.

ഉള്ളൂരിന്റെ നിരൂപണപഠനങ്ങള്‍ വിജ്ഞാനദീപിക (നാലു വാള്യങ്ങള്‍), ഗദ്യകലിക, സ്മരണമാധുരി എന്നീ ഗ്രന്ഥങ്ങളില്‍ സമാഹരിച്ചിട്ടുണ്ട്. 40ലേറെ വര്‍ഷത്തെ പ്രയത്‌നഫലമായാണ് കേരളസാഹിത്യചരിത്രം - കേരളത്തിലെ മലയാളത്തിലെയും സംസ്‌കൃതത്തിലെയും സാഹിത്യചരിത്രം - എഴുതിത്തീര്‍ക്കുന്നത്. ഏഴു വാല്യങ്ങളായി വിഭാവനംചെയ്ത ഈ കൃതി കവിയുടെ കാലശേഷം അഞ്ച് വാല്യമായി പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യചരിത്രവും ഇതുതന്നെ. 1949 ജൂണ്‍ 9നാണ് ഇതെഴുതിത്തീരുന്നത്. ആറുദിവസം കഴിഞ്ഞ്, ജൂണ്‍ 15ന് ഉള്ളൂര്‍ അന്തരിച്ചു.

1937ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകന്‍' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷണ്‍' ബിരുദവും സമ്മാനിച്ചു.

ഉമാകേരളം

ഉള്ളൂരിന്റെ മഹാകാവ്യമാണ് ഉമാകേരളം. 1913-ലാണ് ഉമാകേരളം ആദ്യമായി പ്രസിദ്ധീകരിച്ചത്. 19 സര്‍ഗങ്ങളിലായി രണ്ടായിരത്തിലധികം ശ്ലോകങ്ങള്‍ ഉമാകേരളത്തിലുണ്ട്.മഹാകാവ്യത്തിന്റെ ഇതിവൃത്തം പുരാണകഥയായിരിക്കണമെന്ന പരമ്പരാഗതനിബന്ധനയും കീഴ്‌വഴക്കവും പാലിക്കാത്തതാണ് ഉമാകേരളം. പുരാണകഥയ്ക്കു പകരം തിരുവിതാംകൂര്‍ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ് ഉമാകേരളത്തിന് അടിസ്ഥാനം.

കാവ്യപരാഗങ്ങള്‍

നമിക്കിലുയരാം, നടുകില്‍ത്തിന്നാം, നല്‍കുകില്‍ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
അടുത്തുനില്‍പ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോ-
ര്‍ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
(പ്രേമസംഗീതം)

ഭാരതക്ഷമേ! നിന്റെ പെണ്‍മക്കളടുക്കള-
ക്കാരികള്‍ വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍
(ചിത്രശാല)

അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ-
മടി മുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ!
(ഉമാകേരളം)

ഉള്ളൂര്‍ കൃതികള്‍

മഹാകാവ്യം: ഉമാകേരളം (1913)
ചമ്പു: സുജാതോദ്വാഹം (1906)
ഖണ്ഡകാവ്യങ്ങള്‍: വഞ്ചീശഗീതി
ഒരു നേര്‍ച്ച
ഗജേന്ദ്രമോക്ഷം
മംഗളമഞ്ജരി
കര്‍ണഭൂഷണം
പിങ്ഗള
ചിത്രശാല
ചിത്രോദയം
ഭക്തിദീപിക
മിഥ്യാപവാദം
ദീപാവലി
ചൈത്രപ്രഭാവം
ശരണോപഹാരം
അരുണോദയം
കവിതാസമാഹാരങ്ങള്‍: 
കാവ്യചന്ദ്രിക, കിരണാവലി, 
താരഹാരം, തരംഗിണി, മണിമഞ്ജുഷ, ഹൃദയകൗമുദി, രത്‌നമാല, 
അമൃതധാര, കല്‍പ്പശാഖി, 
തപ്തഹൃദയം.
ലേഖനങ്ങള്‍: 
ഗദ്യകലിക, സ്മരണമാധുരി, 
വിജ്ഞാനദീപിക (നാല് വോള്യം)
സാഹിത്യചരിത്രം: 
കേരള സാഹിത്യ ചരിത്രം 
(5 വോള്യം)

No comments:

Post a Comment