മധുരനിര്‍മലമായ പ്രഭാതകാന്തി വൈലോപ്പിള്ളിക്കവിതയില്‍ പരന്നുകിടക്കുന്നു. അതിന്റെ ആഴങ്ങളില്‍ കയ്പും ജീവിതസംഘര്‍ഷങ്ങളും ഊറിക്കൂടിയിരിക്കുന്നു.

1911 മെയ് 11ന് എറണാകുളം കലൂരില്‍ ചേരാനല്ലൂര്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനനം. ഡോക്ടറാവണമെന്നാഗ്രഹിച്ചു പഠിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം അതിനു കഴിഞ്ഞില്ല. ബി.എ., ബി.ടി. ബിരുദങ്ങള്‍ നേടി. അധ്യാപകനായി. 1952-ലായിരുന്നു വിവാഹം. ഭാര്യ ഭാനുമതിയമ്മ.
18-ാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ വൈലോപ്പിള്ളിയുടെ ആദ്യപുസ്തകം ഒരു ശാസ്ത്രഗ്രന്ഥമായിരുന്നു. ആദ്യ കവിതാസമാഹാരം, കന്നിക്കൊയ്ത്ത് പുറത്തിറങ്ങിയത് 1947-ലാണ്. വിഖ്യാതമായ 'മാമ്പഴം', 'സഹ്യന്റെ മകന്‍', 'കാക്ക', 'ആസാം പണിക്കാര്‍' തുടങ്ങിയ രചനകള്‍ ഈ സമാഹാരത്തിലാണ്. രണ്ടാമത്തെ കവിതാസമാഹാരം 'ശ്രീരേഖ' 1950-ല്‍ പുറത്തിറങ്ങി. ഏറ്റവും പ്രശസ്തമായ കവിതാസമാഹാരം 'കുടിയൊഴിക്കല്‍' പുറത്തിറങ്ങുന്നത് 1952-ലാണ്. ജന്മിത്തത്തെപ്പറ്റി, തൊഴിലാളിവര്‍ഗത്തെപ്പറ്റി, അവരുടെ മോചനത്തെപ്പറ്റി, വിപ്ലവത്തെപ്പറ്റിയൊക്കെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് വൈലോപ്പിള്ളി അവതരിപ്പിച്ചത്.

ഋശ്യശൃംഗന്‍, അലക്‌സാണ്ടര്‍ എന്നീ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആത്മകഥാപരമായ കൃതിയാണ് 'കാവ്യലോകസ്മരണകള്‍'. കന്നിക്കൊയ്ത്തിന് 1947-ല്‍ മദ്രാസ് സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. ശ്രീരേഖയ്ക്ക് 1951-ല്‍ എം.പി. പോള്‍ പുരസ്‌കാരം. കയ്പവല്ലരിക്ക് 1965-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. കുടിയൊഴിക്കലിന് 1969-ലെ സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്. വിട (1970) എന്ന സമാഹാരമാണ് ഏറ്റവുമധികം ബഹുമതികള്‍ നേടിയത്. 1972-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1971-ലെ ഓടക്കുഴല്‍ അവാര്‍ഡ്, 1977-ലെ എസ്.പി.സി.എസ്. അവാര്‍ഡ് എന്നിവ 'വിട'യ്ക്ക് ലഭിച്ചു. മകരക്കൊയ്ത്തിന് 1981-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചു. 1981-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി.
1985 ഡിസംബര്‍ 22ന് അദ്ദേഹം അന്തരിച്ചു. നിളാതീരത്ത് ശവസംസ്‌കാരം നടത്തുന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു.
'ഇവനുകൊടി പനിനീര്‍മുള്ളില്‍ പടര്‍ന്നേറു-
മൊരു കയ്പവല്ലരി, വാഹനം കടല്ക്കാക്ക.
പുലിനേര്‍ക്കുമ്പോളോണവില്ലാണു ദിവ്യായുധം
കുരുത്തോലയും കൊടിത്തൂവയും തിരുവാട'
യെന്ന് സച്ചിദാനന്ദന്‍ 'ഇവനെക്കൂടി'യില്‍. വൈലോപ്പിള്ളിയുടെ മരണത്തില്‍ ദുഃഖിച്ചെഴുതിയ കവിതയാണിത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'അന്നം', കക്കാടിന്റെ 'പ്രിയപ്പെട്ട വൈലോപ്പിള്ളിക്ക്' എന്നിവയും വൈലോപ്പിള്ളിയെപ്പറ്റി എഴുതപ്പെട്ട കവിതകള്‍തന്നെ.

കാവ്യപരാഗങ്ങള്‍
തുടുവെള്ളാമ്പല്‍പ്പൊയ്ക-
യല്ല ജീവിതത്തിന്റെ
കടലേ കവിതയ്ക്കു-
ഞങ്ങള്‍ക്കു മഷിപ്പാത്രം (യുഗപരിവര്‍ത്തനം)
ഹാ! വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ (കന്നിക്കൊയ്ത്ത്)
പിറക്കാതിരുന്നെങ്കില്‍
പാരില്‍ നാം സ്‌നേഹിക്കുവാന്‍
വെറുക്കാന്‍, തമ്മില്‍ക്കണ്ടു
മുട്ടാതെയിരുന്നെങ്കില്‍ (കണ്ണീര്‍പ്പാടം)
കേവലം മണ്‍തുരുമ്പില്‍ക്കിടപ്പൂ
ദേവലോകം തുറന്നിടും താക്കോല്‍ (കുടിയൊഴിക്കല്‍)
ഉര്‍വിയെ പുഷ്പിപ്പിക്കും കലപോല്‍ നമുക്കത്ര
നിര്‍വൃതികരം സര്‍ഗവ്യാപാരമുണ്ടോ മന്നില്‍? (കയ്പവല്ലരി)
ഹാ സഖി നീയെന്നോടു
ചേര്‍ന്നു നില്ക്കുക, വീതോ
ല്ലാസമായ് മങ്ങീടുന്നൂ
ജീവിതം ജീവന്‍പോലെ. (യുഗപരിവര്‍ത്തനം)
എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകാം പുകയാകാം
പൊലിമയൊടന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍! (പന്തങ്ങള്‍)
കന്യമാര്‍ക്കു നവാനുരാഗങ്ങള്‍
കമ്രശോണസ്ഫടിക വളകള്‍
ഒന്നുപൊട്ടിയാല്‍ മറ്റൊന്നിവ്വണ്ണ-
മുന്നയിപ്പു ഞാന്‍ തത്ത്വനിരകള്‍ (കുടിയൊഴിക്കല്‍)
ഉയിരിന്‍ കൊലക്കുടു-
ക്കാവും കയറിനെ-
യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍
കഴിഞ്ഞതല്ലേ ജയം (ഊഞ്ഞാലില്‍)
വൈലോപ്പിള്ളി കൃതികള്‍
കന്നിക്കൊയ്ത്ത് (1947)
ശ്രീരേഖ (1950)
കുടിയൊഴിക്കല്‍ (1952)
ഓണപ്പാട്ടുകാര്‍ (1952)
കുന്നിമണികള്‍ (1954)
വിത്തും കൈക്കോട്ടും (1956)
കടല്‍ക്കാക്കകള്‍ (1958)
കുരുവികള്‍ (1961)
കയ്പവല്ലരി (1963)
വിട (1970)
മകരക്കൊയ്ത്ത് (1980)
മിന്നാമിന്നി (1981)
പച്ചക്കുതിര (1981)
മുകുളമാല (1984)
കൃഷ്ണമൃഗങ്ങള്‍ (1986)
അന്തി ചായുന്നു (1995)
കാവ്യലോകസ്മരണകള്‍ (സ്മരണകള്‍)
ഋശ്യശൃംഗന്‍ (നാടകം)
അലക്‌സാണ്ടര്‍ (നാടകം)
No comments:
Post a Comment