Tuesday, April 29, 2014

വൈലോപ്പിള്ളി

മധുരനിര്‍മലമായ പ്രഭാതകാന്തി വൈലോപ്പിള്ളിക്കവിതയില്‍ പരന്നുകിടക്കുന്നു. അതിന്റെ ആഴങ്ങളില്‍ കയ്പും ജീവിതസംഘര്‍ഷങ്ങളും ഊറിക്കൂടിയിരിക്കുന്നു.
മലയാളകവിതയില്‍ ഭാവുകത്വപരമായ യുഗപരിവര്‍ത്തനം സൃഷ്ടിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍. കാല്പനികമായ താരള്യമല്ല പുതിയ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും യാഥാര്‍ഥ്യത്തിന്റെ കയ്പുമാണ് വൈലോപ്പിള്ളിക്കവിതയില്‍ കാണുക.

1911 മെയ് 11ന് എറണാകുളം കലൂരില്‍ ചേരാനല്ലൂര്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനനം. ഡോക്ടറാവണമെന്നാഗ്രഹിച്ചു പഠിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം അതിനു കഴിഞ്ഞില്ല. ബി.എ., ബി.ടി. ബിരുദങ്ങള്‍ നേടി. അധ്യാപകനായി. 1952-ലായിരുന്നു വിവാഹം. ഭാര്യ ഭാനുമതിയമ്മ.

18-ാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ വൈലോപ്പിള്ളിയുടെ ആദ്യപുസ്തകം ഒരു ശാസ്ത്രഗ്രന്ഥമായിരുന്നു. ആദ്യ കവിതാസമാഹാരം, കന്നിക്കൊയ്ത്ത് പുറത്തിറങ്ങിയത് 1947-ലാണ്. വിഖ്യാതമായ 'മാമ്പഴം', 'സഹ്യന്റെ മകന്‍', 'കാക്ക', 'ആസാം പണിക്കാര്‍' തുടങ്ങിയ രചനകള്‍ ഈ സമാഹാരത്തിലാണ്. രണ്ടാമത്തെ കവിതാസമാഹാരം 'ശ്രീരേഖ' 1950-ല്‍ പുറത്തിറങ്ങി. ഏറ്റവും പ്രശസ്തമായ കവിതാസമാഹാരം 'കുടിയൊഴിക്കല്‍' പുറത്തിറങ്ങുന്നത് 1952-ലാണ്. ജന്മിത്തത്തെപ്പറ്റി, തൊഴിലാളിവര്‍ഗത്തെപ്പറ്റി, അവരുടെ മോചനത്തെപ്പറ്റി, വിപ്ലവത്തെപ്പറ്റിയൊക്കെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് വൈലോപ്പിള്ളി അവതരിപ്പിച്ചത്.
ഇടശ്ശേരി, എന്‍.വി. എന്നിവര്‍ക്കൊപ്പം മലയാളകവിതയ്ക്ക് പുതിയ ദിശാബോധം നല്കി, 'ശ്രീ'. 'തുടുവെള്ളാമ്പല്‍പ്പൊയ്കയല്ല, ജീവിതത്തിന്റെ കടലേ കവിതയ്ക്കു ഞങ്ങള്‍ക്കു മഷിപ്പാത്ര'മെന്നു പ്രഖ്യാപിച്ച വൈലോപ്പിള്ളി, വിപ്ലവത്തിന്റേത് 'സ്‌നേഹസുന്ദരപാത'യാവണമെന്ന് ശാഠ്യംപിടിച്ചിട്ടുണ്ട്.

ഋശ്യശൃംഗന്‍, അലക്‌സാണ്ടര്‍ എന്നീ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആത്മകഥാപരമായ കൃതിയാണ് 'കാവ്യലോകസ്മരണകള്‍'. കന്നിക്കൊയ്ത്തിന് 1947-ല്‍ മദ്രാസ് സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. ശ്രീരേഖയ്ക്ക് 1951-ല്‍ എം.പി. പോള്‍ പുരസ്‌കാരം. കയ്പവല്ലരിക്ക് 1965-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. കുടിയൊഴിക്കലിന് 1969-ലെ സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്. വിട (1970) എന്ന സമാഹാരമാണ് ഏറ്റവുമധികം ബഹുമതികള്‍ നേടിയത്. 1972-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1971-ലെ ഓടക്കുഴല്‍ അവാര്‍ഡ്, 1977-ലെ എസ്.പി.സി.എസ്. അവാര്‍ഡ് എന്നിവ 'വിട'യ്ക്ക് ലഭിച്ചു. മകരക്കൊയ്ത്തിന് 1981-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചു. 1981-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി.

1985 ഡിസംബര്‍ 22ന് അദ്ദേഹം അന്തരിച്ചു. നിളാതീരത്ത് ശവസംസ്‌കാരം നടത്തുന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു.
'ഇവനുകൊടി പനിനീര്‍മുള്ളില്‍ പടര്‍ന്നേറു-
മൊരു കയ്പവല്ലരി, വാഹനം കടല്ക്കാക്ക.
പുലിനേര്‍ക്കുമ്പോളോണവില്ലാണു ദിവ്യായുധം
കുരുത്തോലയും കൊടിത്തൂവയും തിരുവാട'
യെന്ന് സച്ചിദാനന്ദന്‍ 'ഇവനെക്കൂടി'യില്‍. വൈലോപ്പിള്ളിയുടെ മരണത്തില്‍ ദുഃഖിച്ചെഴുതിയ കവിതയാണിത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'അന്നം', കക്കാടിന്റെ 'പ്രിയപ്പെട്ട വൈലോപ്പിള്ളിക്ക്' എന്നിവയും വൈലോപ്പിള്ളിയെപ്പറ്റി എഴുതപ്പെട്ട കവിതകള്‍തന്നെ.

കാവ്യപരാഗങ്ങള്‍
തുടുവെള്ളാമ്പല്‍പ്പൊയ്ക-
യല്ല ജീവിതത്തിന്റെ
കടലേ കവിതയ്ക്കു-
ഞങ്ങള്‍ക്കു മഷിപ്പാത്രം (യുഗപരിവര്‍ത്തനം)

ഹാ! വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ (കന്നിക്കൊയ്ത്ത്)

പിറക്കാതിരുന്നെങ്കില്‍
പാരില്‍ നാം സ്‌നേഹിക്കുവാന്‍
വെറുക്കാന്‍, തമ്മില്‍ക്കണ്ടു
മുട്ടാതെയിരുന്നെങ്കില്‍ (കണ്ണീര്‍പ്പാടം)

കേവലം മണ്‍തുരുമ്പില്‍ക്കിടപ്പൂ
ദേവലോകം തുറന്നിടും താക്കോല്‍ (കുടിയൊഴിക്കല്‍)

ഉര്‍വിയെ പുഷ്പിപ്പിക്കും കലപോല്‍ നമുക്കത്ര
നിര്‍വൃതികരം സര്‍ഗവ്യാപാരമുണ്ടോ മന്നില്‍? (കയ്പവല്ലരി)

ഹാ സഖി നീയെന്നോടു
ചേര്‍ന്നു നില്ക്കുക, വീതോ
ല്ലാസമായ് മങ്ങീടുന്നൂ
ജീവിതം ജീവന്‍പോലെ. (യുഗപരിവര്‍ത്തനം)

എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകാം പുകയാകാം
പൊലിമയൊടന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍! (പന്തങ്ങള്‍)

കന്യമാര്‍ക്കു നവാനുരാഗങ്ങള്‍
കമ്രശോണസ്ഫടിക വളകള്‍
ഒന്നുപൊട്ടിയാല്‍ മറ്റൊന്നിവ്വണ്ണ-
മുന്നയിപ്പു ഞാന്‍ തത്ത്വനിരകള്‍ (കുടിയൊഴിക്കല്‍)

ഉയിരിന്‍ കൊലക്കുടു-
ക്കാവും കയറിനെ-
യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍
കഴിഞ്ഞതല്ലേ ജയം (ഊഞ്ഞാലില്‍)

വൈലോപ്പിള്ളി കൃതികള്‍

കന്നിക്കൊയ്ത്ത് (1947)
ശ്രീരേഖ (1950)
കുടിയൊഴിക്കല്‍ (1952)
ഓണപ്പാട്ടുകാര്‍ (1952)
കുന്നിമണികള്‍ (1954)
വിത്തും കൈക്കോട്ടും (1956)
കടല്‍ക്കാക്കകള്‍ (1958)
കുരുവികള്‍ (1961)
കയ്പവല്ലരി (1963)
വിട (1970)
മകരക്കൊയ്ത്ത് (1980)
മിന്നാമിന്നി (1981)
പച്ചക്കുതിര (1981)
മുകുളമാല (1984)
കൃഷ്ണമൃഗങ്ങള്‍ (1986)
അന്തി ചായുന്നു (1995)
കാവ്യലോകസ്മരണകള്‍ (സ്മരണകള്‍)
ഋശ്യശൃംഗന്‍ (നാടകം)
അലക്‌സാണ്ടര്‍ (നാടകം)

ഉള്ളൂര്‍


പാണ്ഡിത്യത്തിന്റെ ആഴംകൊണ്ടും സംഭാവനകളുടെ പരപ്പുകൊണ്ടും ഉള്ളൂര്‍ എസ്. പരമേശ്വരയ്യരെ വെല്ലാന്‍ ഒരു കവിക്കും കഴിയില്ല. സംസ്‌കൃതപദപ്രയോഗത്തിലുള്ള സവിശേഷ താല്പര്യമാണ് ഉള്ളൂരിന് 'ഉജ്ജ്വല ശബ്ദാഢ്യ'നെന്ന പേരു നേടിക്കൊടുത്തത്. കേരളവര്‍മ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചാവകാശിയായാണ് ഉള്ളൂര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

1877 ജൂണ്‍ 5ന് ചങ്ങനാശ്ശേരിയില്‍ ജനനം. അച്ഛന്‍ ഉള്ളൂര്‍ സ്വദേശി സുബ്രഹ്മണ്യയ്യര്‍. അമ്മ ഭാഗവതിയമ്മാള്‍. സംസ്‌കൃതം, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നന്നേ ചെറുപ്പത്തിലേ പാണ്ഡിത്യം നേടി. ബി.എ. പാസ്സായി അധ്യാപകനായും സര്‍ക്കാര്‍ ഗുമസ്തനായും ജോലിചെയ്തു. നിയമബിരുദം നേടി. മലയാളവും തമിഴും മുഖ്യവിഷയമായി പഠിച്ച് എം.എ. ബിരുദം. പട്ടാളത്തിന്റെ പ്രാചീന ചരിത്രത്തെപ്പറ്റി ഗവേഷണം നടത്തി. സര്‍ക്കാരുദ്യോഗത്തില്‍ ഉന്നതസ്ഥാനങ്ങളിലെത്തിയിട്ടുണ്ട് ഉള്ളൂര്‍. തഹസില്‍ദാര്‍, മുന്‍സിഫ്, ഗവണ്‍മെന്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, ദിവാന്‍ പേഷ്‌കാര്‍ എന്നിങ്ങനെ പദവികള്‍ വഹിച്ച ഉള്ളൂര്‍ ഈ ഔദ്യോഗിക തിരക്കിനിടയിലാണ് കവിതകളെഴുതിയതും ഗവേഷണങ്ങള്‍ നടത്തിയതുമെല്ലാം.

കേരളവര്‍മ വലിയകോയിത്തമ്പുരാനാണ് ഉള്ളൂരിനെ പ്രോത്സാഹിപ്പിച്ചതും പ്രചോദിപ്പിച്ചതും. പ്രാസവാദത്തില്‍ കേരളവര്‍മ പക്ഷത്ത്-ശബ്ദപക്ഷത്ത്- നില്ക്കുകയും ചെയ്തു ഉള്ളൂര്‍. കേരളവര്‍മയുടെ 'മയൂരസന്ദേശം' ഇംഗ്ലീഷിലേക്ക് തര്‍ജമചെയ്തതാണ് ഉള്ളൂരിന്റെ ഏക വിവര്‍ത്തനസംഭാവന. വഞ്ചീശഗീതി, സുജാതോദ്വാഹം ചമ്പു എന്നിവ ഉള്ളൂരിനെ പ്രശസ്തനാക്കി. ചമ്പുക്കളോടും മറ്റും അദ്ദേഹത്തിന് സവിശേഷമമതയുണ്ടായിരുന്നു. പ്രാസവാദത്തില്‍ച്ചേര്‍ന്ന് ദ്വിതീയാക്ഷരപ്രാസത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ വെളിവാക്കാന്‍വേണ്ടിയെഴുതിയ മഹാകാവ്യമാണ് ഉമാകേരളം. മലയാളത്തിലെ ഏറ്റവും മികച്ച മഹാകാവ്യമായി ഇതു പരിഗണിക്കപ്പെടുന്നു. ഉള്ളൂരിന്റെ ഖണ്ഡകാവ്യങ്ങളില്‍ കര്‍ണഭൂഷണം, പിങ്ഗള, ഭക്തിദീപിക, ചിത്രശാല തുടങ്ങിയവയാണ് പ്രശസ്തങ്ങള്‍. ഗവേഷണപ്രവര്‍ത്തനങ്ങളാണ് ഉള്ളൂരിനെ ഇതര കവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പ്രാചീന കൃതികളുടെ സംശോധിത സംസ്‌കരണ പാഠങ്ങള്‍ പലതും ഉള്ളൂര്‍ പ്രസിദ്ധംചെയ്തു. 1909 കണ്ണശ്ശരാമായണം ആരണ്യകാണ്ഡം ശുദ്ധപാഠം ഉള്ളൂര്‍ പ്രകാശനം ചെയ്തു. മലയാളത്തിലെ ആദ്യകാവ്യം രാമചരിതം 1916ല്‍ പാഠവും ടിപ്പണിയും സഹിതം പ്രസിദ്ധീകരിച്ചു.

ഉള്ളൂരിന്റെ നിരൂപണപഠനങ്ങള്‍ വിജ്ഞാനദീപിക (നാലു വാള്യങ്ങള്‍), ഗദ്യകലിക, സ്മരണമാധുരി എന്നീ ഗ്രന്ഥങ്ങളില്‍ സമാഹരിച്ചിട്ടുണ്ട്. 40ലേറെ വര്‍ഷത്തെ പ്രയത്‌നഫലമായാണ് കേരളസാഹിത്യചരിത്രം - കേരളത്തിലെ മലയാളത്തിലെയും സംസ്‌കൃതത്തിലെയും സാഹിത്യചരിത്രം - എഴുതിത്തീര്‍ക്കുന്നത്. ഏഴു വാല്യങ്ങളായി വിഭാവനംചെയ്ത ഈ കൃതി കവിയുടെ കാലശേഷം അഞ്ച് വാല്യമായി പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യചരിത്രവും ഇതുതന്നെ. 1949 ജൂണ്‍ 9നാണ് ഇതെഴുതിത്തീരുന്നത്. ആറുദിവസം കഴിഞ്ഞ്, ജൂണ്‍ 15ന് ഉള്ളൂര്‍ അന്തരിച്ചു.

1937ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകന്‍' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷണ്‍' ബിരുദവും സമ്മാനിച്ചു.

ഉമാകേരളം

ഉള്ളൂരിന്റെ മഹാകാവ്യമാണ് ഉമാകേരളം. 1913-ലാണ് ഉമാകേരളം ആദ്യമായി പ്രസിദ്ധീകരിച്ചത്. 19 സര്‍ഗങ്ങളിലായി രണ്ടായിരത്തിലധികം ശ്ലോകങ്ങള്‍ ഉമാകേരളത്തിലുണ്ട്.മഹാകാവ്യത്തിന്റെ ഇതിവൃത്തം പുരാണകഥയായിരിക്കണമെന്ന പരമ്പരാഗതനിബന്ധനയും കീഴ്‌വഴക്കവും പാലിക്കാത്തതാണ് ഉമാകേരളം. പുരാണകഥയ്ക്കു പകരം തിരുവിതാംകൂര്‍ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ് ഉമാകേരളത്തിന് അടിസ്ഥാനം.

കാവ്യപരാഗങ്ങള്‍

നമിക്കിലുയരാം, നടുകില്‍ത്തിന്നാം, നല്‍കുകില്‍ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
അടുത്തുനില്‍പ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോ-
ര്‍ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
(പ്രേമസംഗീതം)

ഭാരതക്ഷമേ! നിന്റെ പെണ്‍മക്കളടുക്കള-
ക്കാരികള്‍ വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍
(ചിത്രശാല)

അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ-
മടി മുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ!
(ഉമാകേരളം)

ഉള്ളൂര്‍ കൃതികള്‍

മഹാകാവ്യം: ഉമാകേരളം (1913)
ചമ്പു: സുജാതോദ്വാഹം (1906)
ഖണ്ഡകാവ്യങ്ങള്‍: വഞ്ചീശഗീതി
ഒരു നേര്‍ച്ച
ഗജേന്ദ്രമോക്ഷം
മംഗളമഞ്ജരി
കര്‍ണഭൂഷണം
പിങ്ഗള
ചിത്രശാല
ചിത്രോദയം
ഭക്തിദീപിക
മിഥ്യാപവാദം
ദീപാവലി
ചൈത്രപ്രഭാവം
ശരണോപഹാരം
അരുണോദയം
കവിതാസമാഹാരങ്ങള്‍: 
കാവ്യചന്ദ്രിക, കിരണാവലി, 
താരഹാരം, തരംഗിണി, മണിമഞ്ജുഷ, ഹൃദയകൗമുദി, രത്‌നമാല, 
അമൃതധാര, കല്‍പ്പശാഖി, 
തപ്തഹൃദയം.
ലേഖനങ്ങള്‍: 
ഗദ്യകലിക, സ്മരണമാധുരി, 
വിജ്ഞാനദീപിക (നാല് വോള്യം)
സാഹിത്യചരിത്രം: 
കേരള സാഹിത്യ ചരിത്രം 
(5 വോള്യം)

മഹാകവി കുമാരനാശാന്‍.

മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവിയെന്നുതന്നെ കുമാരനാശാനെ വിശേഷിപ്പിക്കാം.
 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല. ആശാനോളം കൊണ്ടാടപ്പെട്ട കവിയില്ല, ആശാനോളം പഠിക്കപ്പെട്ട കവിയില്ല.

873 ഏപ്രില്‍ 12ന് ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍, പെരുങ്കുടി നാരായന്റെയും കാളിയുടെയും ആറ് മക്കളില്‍ രണ്ടാമനായി ജനനം. സംസ്‌കൃതവും വേദാന്തപുരാണങ്ങളും പഠിച്ച കുമാരനാശാന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി (1891). സന്ന്യാസിയാവാന്‍ പുറപ്പെട്ട ആശാനെ ഉപരിപഠനത്തിനയച്ചത് ഗുരുവാണ്. ബാംഗ്ലൂരിലും (1895) കല്‍ക്കത്തയിലും (1898) പഠനം. ആശാന്റെ വിപ്ലവകരമായ ചിന്താമണ്ഡലം വികസിക്കുന്നത് ഇക്കാലത്താണ്. ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി വിരാഗിയായി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി മലയാളകവിതയുടെ തലക്കുറിതന്നെ മാറ്റിവരച്ചു. 41 ശ്ലോകങ്ങള്‍ മാത്രമുള്ള ഈ കൃതി 'മിതവാദി'യിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 1908ല്‍ ഭാഷാപോഷിണിയില്‍ ഇത് പുനഃപ്രകാശനം ചെയ്യപ്പെട്ടതോടെയാണ് ആശാന്‍ അതിപ്രശസ്തനാവുന്നത്.

പഠനശേഷം കേരളത്തില്‍ തിരിച്ചെത്തിയ ആശാന്‍ അരുവിപ്പുറത്തായിരുന്നു താമസം. സമുദായ പരിഷ്‌കരണ കാര്യങ്ങളില്‍ ആകൃഷ്ടനായി ആശാന്‍. 1903ല്‍ ജൂണ്‍ 4ന് ഡോ. പല്‍പ്പു, ശ്രീനാരായണഗുരു എന്നിവരുടെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിച്ചപ്പോള്‍ ആശാന്‍ അതിന്റെ പ്രഥമ സെക്രട്ടറിയായി. 1904 മെയില്‍ 'വിവേകോദയം' മാസിക തുടങ്ങിയപ്പോള്‍ ആശാന്‍ അതിന്റെ പത്രാധിപരുമായി. 1913ല്‍ ശ്രീമൂലം പ്രജാസഭയില്‍ എസ്.എന്‍.ഡി.പി. യോഗം പ്രതിനിധിയായി അംഗമായി. 1920ല്‍ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ് നിയമസഭാംഗമായി. 1918ലായിരുന്നു വിവാഹം. ശിഷ്യയായ ഭാനുമതി ഭാര്യ. പ്രഭാകരന്‍, സുധാകരന്‍ എന്നിവര്‍ മക്കള്‍. 1924 ജനവരി 16ന് പല്ലനയാറ്റില്‍വെച്ച് റെഡീമര്‍ എന്ന ബോട്ട് മുങ്ങി ആശാന്‍ മരിച്ചു; 51-ാം വയസ്സില്‍.

വീണപൂവിനുശേഷം കുമാരനാശാന്‍ എഴുതിയ കൃതികളെല്ലാം മലയാളത്തിലെ ക്ലാസിക്കുകളാണ്. ഖണ്ഡകാവ്യങ്ങള്‍ മാത്രമെഴുതി മഹാകവിപ്പട്ടം കരസ്ഥമാക്കി, ആശാന്‍. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കിയ കവിയാണ് കുമാരനാശാന്‍. 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നാണ് ആശാനെ മുണ്ടശേരി വിശേഷിപ്പിച്ചത്. ഉച്ചനീചത്വങ്ങളില്ലാത്ത ബുദ്ധമതത്തോട് ആശാന് മമതയുണ്ടായിരുന്നു. പല കവിതകളിലും ബുദ്ധമതം കടന്നുവരുന്നുമുണ്ട്.

നല്ലൊരു നിരൂപകന്‍ കൂടിയായ ആശാന്റെ ചിത്രയോഗ (വള്ളത്തോള്‍) നിരൂപണം പ്രശസ്തമാണ്. മഹാകാവ്യത്തെ കെട്ടുകുതിരയോടാണ് ആശാന്‍ ഉപമിച്ചത്. പ്രാസവാദത്തില്‍ ശബ്ദപക്ഷത്തല്ല, അര്‍ഥപക്ഷത്താണ് (എ.ആര്‍. രാജരാജവര്‍മയ്‌ക്കൊപ്പം) ആശാന്‍ നിലകൊണ്ടത്. (സ്വന്തം കവിതയില്‍ ഭൂരിപക്ഷത്തിലും പ്രാസമുണ്ടെങ്കില്‍പോലും). എ.ആറിന്റെ മരണത്തില്‍ ദുഖിച്ചെഴുതിയ 'പ്രരോദനം' മലയാളത്തിലെ ഏറ്റവും മികച്ച വിലാപകാവ്യങ്ങളിലൊന്നാണ്.


കുമാരനാശാന്റെ ജന്മഗൃഹം
സീതയ്ക്കു പറയാനുള്ളതെന്തെന്ന് 'ചിന്താവിഷ്ടയായ സീത'യിലൂടെ കേള്‍പ്പിച്ചുതന്ന ആശാന്റെ വിപ്ലവത്തിന് മലയാളത്തില്‍ സമാനതകളില്ല. ലോകസാഹിത്യത്തില്‍ത്തന്നെ ഇത്ര ഗാംഭീര്യമുള്ള കൃതിയില്ലെന്ന് എം. കൃഷ്ണന്‍നായര്‍ ഒരിക്കലെഴുതിയിരുന്നു.

കുമാരു 'ആശാനാ'യത്

കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്നവരെ ആശാന്മാര്‍ എന്നു വിളിച്ചുപോന്നു. വിദ്യാഭ്യാസം കഴിഞ്ഞ് കുമാരനാശാന്‍ കുറച്ചുകാലം കുട്ടികളെ പഠിപ്പിക്കുന്ന പാഠശാല നടത്തിയിരുന്നു. അതോടെ കുമാരു എന്ന പേരിനൊപ്പം 'ആശാന്‍' എന്നതും ചേര്‍ന്നു. അങ്ങനെ കുമാരനാശാനായി. കുമാരനാശാനെ ഡോ.പല്‍പ്പു 'ചിന്നസ്വാമി' എന്നായിരുന്നു വിളിച്ചിരുന്നത്. നാരായണഗുരുവിനെ പെരിയസ്വാമി എന്ന് പല്‍പ്പു വിളിച്ചുപോന്നു. പെരിയസ്വാമിയുടെ ശിഷ്യന്‍ ചിന്നസ്വാമി.

ആശാന്റെ കവിതാശകലങ്ങള്‍, പിന്നീട് മലയാളത്തില്‍ ചൊല്ലുകള്‍ പോലെ പ്രചരിച്ചു. ഇത്രയധികം 'ക്വോട്ടു'കളുടെ ഉടമ വേറെയുണ്ടാവില്ല. ആശാനെക്കാള്‍ പ്രശസ്തമെന്നുപോലും പറയാവുന്ന ചില വരികളിതാ:

കാവ്യപരാഗങ്ങള്‍

സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം 
(ഒരു ഉദ്‌ബോധനം)

എന്തിന്നുഭാരതധരേ കരയുന്നു? പാര-
തന്ത്ര്യം നിനക്കുവിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധ, രടിച്ചു തമ്മി-
ലന്തപ്പെടും തനയ, രെന്തിനയേ 'സ്വരാജ്യം'?
(ഒരു തീയക്കുട്ടിയുടെ വിചാരം)

ഗുണികളൂഴിയില്‍ നീണ്ടുവാഴാ (വീണപൂവ്)
കണ്ണേമടങ്ങുക (വീണപൂവ്)

സ്‌നേഹമാണഖിലസാരമൂഴിയില്‍ (നളിനി)

യുവജനഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍ (ലീല)

ജാതിചോദിക്കുന്നില്ലഞാന്‍ സോദരീ (ചണ്ഡാലഭിക്ഷുകി)
ചണ്ഡാലിതന്‍ മെയ് ദ്വിജന്റെ -ബീജ-
പിണ്ഡത്തിനൂഷരമാണോ? (ചണ്ഡാലഭിക്ഷുകി)
നെല്ലിന്‍ചുവട്ടില്‍ മുളയ്ക്കും-കാട്ടു-
പുല്ലല്ല സാധുപുലയന്‍ (ചണ്ഡാലഭിക്ഷുകി)

വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും (കരുണ)

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍! (ദുരവസ്ഥ)
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍ (ദുരവസ്ഥ)

ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശവന്നപോലെപോം (ചിന്താവിഷ്ടയായ സീത)

വണ്ടേ നീ തുലയുന്നു; വീണയി വിളക്കും നീ
കെടുക്കുന്നുതേ (പ്രരോദനം)
ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത
പൊന്‍പേനയും (പ്രരോദനം)
ഇവിടമാണദ്ധ്യാത്മ വിദ്യാലയം (പ്രരോദനം)

ആശാന്‍കൃതികള്‍

വീണപൂവ്-1907
ഒരു സിംഹപ്രസവം-1909
നളിനി-1911
ലീല- 1914
ബാലരാമായണം - 1916
ശ്രീബുദ്ധചരിതം 
(വിവര്‍ത്തനം) - 1915
ഗ്രാമവൃക്ഷത്തിലെ 
കുയില്‍ - 1918
പ്രരോദനം - 1919
ചിന്താവിഷ്ടയായ സീത -1919
പുഷ്പവാടി- 1922
ദുരവസ്ഥ - 1922
ചണ്ഡാലഭിക്ഷുകി- 1922
കരുണ - 1923
മണിമാല- 1924
വനമാല- 1925